cricket

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ പേസർമാർ അരങ്ങ് വാണു. ദക്ഷിണാഫ്രിക്കൻ ബാറ്റ‌ർമാരെ വരിഞ്ഞുമുറുക്കിയ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിൽ ആതിഥേയർ ചായ സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 എന്ന നിലയിലാണ്.

അതേസമയം മത്സരത്തിന്റെ 50ാം ഓവറിന്റെ അഞ്ചാം പന്തിൽ ഇന്ത്യയുടെ ചേതേശ്വർ പൂജാര വരുത്തിയ ചെറിയൊരു ഫീൽഡിംഗ് പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റണ്ണാണ്. ഫീൽഡിംഗ് പിഴവിലൂടെ അധിക റൺ ലഭിക്കുന്നത് വലിയ സംഭവമല്ലെങ്കിലും ഈയവസരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഒരു റൺ പോലും ഓടിയെടുക്കുകയോ ഒരു ബൗണ്ടറി നേടുകയോ ചെയ്തിട്ടില്ലെന്നതാണ് രസകരം.

ശാർദൂൽ താക്കൂർ എറിഞ്ഞ ഓവറിൽ കുത്തിയുയർന്ന പന്ത് ദക്ഷിണാഫ്രിക്കൻ താരം ടെംബാ ബാവുമയുടെ ബാറ്റിൽ ഉരസി സ്ലിപ്പിലേക്ക് പോയി. ഒന്നാം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചേതേശ്വർ പൂജാരയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഒരുമിച്ച് ഡൈവ് ചെയ്തെങ്കിലും ക്യാച്ച് എടുക്കാൻ സാധിച്ചില്ല. എന്നാൽ പൂജാരയുടെ കൈയിൽ നിന്ന് വഴുതിപ്പോയ പന്ത് പിന്നിൽ വച്ചിരുന്ന വിക്കറ്റ് കീപ്പറിന്റെ ഹെൽമെറ്റിൽ കൊള്ളുകയായിരുന്നു.

ക്രിക്കറ്റിലെ നിയമപ്രകാരം വിക്കറ്റ്കീപ്പറിന്റെ പിന്നിൽ വച്ചിരിക്കുന്ന ഹെൽമറ്റിൽ പന്ത് കൊണ്ടാൽ അഞ്ച് റൺ ബാറ്റിംഗ് ടീമിന് ലഭിക്കും. അങ്ങനെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അധികറൺ ലഭിച്ചത്.

Chance!! That drop costs 5 runs 🙄 #SAvsIND pic.twitter.com/yd4IRVcsad

— Amanpreet Singh (@AmanPreet0207) January 12, 2022