china

ബീജിംഗ് : ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 200 ലേറെ നിർമ്മിതികൾ അതിർത്തിയിലെ ആറിടങ്ങളിലായി നിർമ്മാണത്തിലിരിക്കുകയാണെന്ന് ഉപഗ്രഹ ചിത്ര വിശകലനത്തെ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. 2020ന്റെ ആദ്യം മുതൽ ഭൂട്ടാന്റെ പടിഞ്ഞാറൻ അതിർത്തി മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ചൈന ആരംഭിച്ചിരുന്നു. ചൈനയും ഭൂട്ടാനുമായി വർഷങ്ങളായി ഈ അതിർത്തി പ്രദേശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. ഭൂട്ടാൻ അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യ സൂഷ്മമായി നിരീക്ഷിച്ച് വരികയാണ്.

അതേ സമയം, മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 2017ൽ ഇന്ത്യൻ സൈന്യവുമായി ചൈനീസ് ഭടന്മാർ ഏറ്റുമുട്ടിയ ഡോക്‌ലാമിൽ നിന്ന് 9 മുതൽ 24 കിലോമീറ്റർ വരെയുള്ള മേഖലകളിലാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. അതേ സമയം, വിദൂര പ്രദേശങ്ങളെ നിരീക്ഷിക്കുന്നതിന് ചൈനയെ അതിർത്തിയിലെ ഈ നിർമ്മിതികൾ സഹായക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.