 
ശബരിമല: ബോളിവുഡ് താരം അജയ് ദേവഗൺ ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. രാവിലെ കൊച്ചിയിലെത്തിയ താരം ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ ഇറങ്ങിയശേഷം അവിടെ നിന്ന് വാഹനമാർഗം പമ്പയിലെത്തുകയായിരുന്നു. സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗൺ അൽപ്പസമയം മരാമത്ത് കോംപ്ളക്സിൽ വിശ്രമിച്ചശേഷം ഇരുമുടിക്കെട്ടുമായി 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദർശിച്ചു.തുടർന്ന് മാളികപ്പുറത്തും ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് മടങ്ങി. പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദർശനം നടത്തിയത്. ആർ. എ. എഫ് കമാണ്ടോസ് ഉൾപ്പെടെയുള്ളവരുടെ കനത്ത സുരക്ഷയിലായിരുന്നു ദർശനം. ഇതിനിടയിലും ഫോട്ടോയെടുക്കാൻ ആരാധകർ തിക്കിത്തിരക്കി. സന്നിധാനത്ത് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്. തീർത്ഥാടകർ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് ഡോളിയിലായിരുന്നു മലകയറ്റവും ഇറക്കവും.