kk

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടതുമുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു എറണാകുളം ജെഎഫ്‌സിഎം രണ്ടാം കോടതിയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച രഹസ്യ മൊഴിയെടുക്കൽ ആറര മണിക്കൂർ നേരം നീണ്ടു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം. കോടതിയാണ് നിര്‍ദേശിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദക്‌സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെളളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.