
വൈക്കം : വാഴമന കൊട്ടാരത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈക്കം ദേവസ്വം അഡ് മിനിസ്ട്രേറ്റിവ് ഓഫിസർ എം.ജി മധു വൈക്കം പൊലീസിൽ പരാതി നല്കി. അന്വേഷണം നടത്തണമെന്ന് ക്ഷേത്ര ഉപദേശക സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തെ വാഴമന കൊട്ടാരത്തിലെ ചുറ്റുമതിലിന്റെ പൂട്ടുകൾ തകർന്ന നിലയിലും മണ്ഡപത്തിനും കരിങ്കൽ വിളക്കിനും നാശനഷ്ടമുണ്ടായതും കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്.വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി ഏകദേശം 4 കിലോമീറ്റർ ദൂരത്താണ് വാഴമന കൊട്ടാരം. കുംഭമാസത്തിലെ അഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും എഴുന്നള്ളുന്ന അവസരത്തിൽ ഇവിടെ മണ്ഡപത്തിൽ ഇറക്കി പൂജയും വിശേഷാൽ നിവേദ്യവും നടത്തുക ആചാരമാണ്.
പൊറുതിമുട്ടി ജനം
സമീപകാലത്ത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു. രാത്രികാലങ്ങളിലാണ് ശല്യം രൂക്ഷം. ദേവസ്വത്തിന്റെയും ഉപദേശക സമിതിയുടെയും സഹകരണത്തോടെ കൊട്ടാരത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.