kk

തിരുവനന്തപുരം: സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് പാറശാലയിൽ നടത്തിയ മെ​ഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം വി.ആർ. സലൂജ ഉൾപ്പടെ കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. മെ​ഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സി.പി.എം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.