dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ പുതിയൊരു കേസും ദിലീപിനെതിരെ പൊലീസ് ചുമത്തിക്കഴിഞ്ഞു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഹർജി കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

എന്നാൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ വിസ്‌താരം തുടങ്ങുമ്പോൾ 19 അഭിഭാഷകകരാണ് ദിലീപിനായി അന്ന് ഹാജരായത്. ആ ദിവസത്തിലേക്ക് ഒരെത്തിനോട്ടം

'നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങി. മുഖ്യസാക്ഷിയും ഇരയുമായ നടിയെ വിസ്‌തരിക്കുന്ന നടപടികളാണ് തുടങ്ങിയത്. ദിലീപ് ഉൾപ്പെടെ പത്തുപ്രതികളും ഹാജരായിരുന്നു. രാവിലെ 11 മണി മുതൽ വൈകിട്ട് 4.30വരെയായിരുന്നു ഇന്നലത്തെ വിസ്‌താരം. ഇന്നും നടിയെയാണ് വിസ്‌തരിക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ നടിയെ വിസ്‌തരിക്കും. ഇതിനുശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്‌താരം നടക്കും. ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.

ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലിൽ നിന്ന് പൾസർ സുനിയടക്കമുള്ള പ്രതികളെ ജയിലിൽ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടർന്ന് പതിനൊന്നോടെ കോടതി നടപടികൾ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ പത്തു പ്രതികൾക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതിൽ 19 പേർ ദിലീപിനു വേണ്ടി ഹാജരായവരാണ്. ജഡ്ജി, കോടതി സ്റ്റാഫ്, അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, ഇര, പ്രതികൾ, ഇവരുടെ അഭിഭാഷകർ തുടങ്ങിയവർക്ക് മാത്രമാണ് കോടതിമുറിയിൽ പ്രവേശനമുള്ളത്.

ഏപ്രിൽ ഏഴുവരെ തുടരുന്ന ആദ്യഘട്ട വിസ്‌താരത്തിൽ ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്‌തരിക്കും. ആകെ 359 പേരുടെ സാക്ഷിപ്പട്ടിയാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുള്ളത്. 161 രേഖകളും 250 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പൾസർ സുനിയടക്കമുള്ള പ്രതികൾ നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് ഇതു ചെയ്‌തതെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദിലീപും പ്രതിയായത്.