
ഇടുക്കി: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും, എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയേയും ജെറിൻ ജോജോയേയും ഇന്നലെ കട്ടപ്പന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകുന്നത്.
നിഖിലുമായി ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ആയുധം കണ്ടെത്തുന്നതിനും, സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കാനുമാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
കേസിലെ നാല് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ധീരജിനെ പ്രതികൾ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പുറത്തുനിന്നുള്ളവർ കോളേജിനകത്ത് പ്രവേശിച്ചത് ചോദ്യം ചെയ്ത ധീരജ് ഉൾപ്പടെയുള്ള എസ് എഫ് ഐ പ്രവർത്തകരെ മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആറംഗ സംഘം കുറ്റകൃത്യം നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിലുള്ളത്.