pulsar-suni

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെയും അമ്മ ശോഭനയുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. തനിക്ക് ഭീഷണിയുണ്ടെന്നും സംഭവത്തിന് പിന്നിൽ ദിലീപാണെന്നും സുനി പറഞ്ഞെന്ന് ശോഭന ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദിച്ചറിയും.

ദിലീപിനെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും, ജയിലിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സുനി കോടതി വരാന്തയിൽ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ പകർപ്പ് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിന്റെ ഓറിജിനൽ കണ്ടെത്താൻ ഇന്നലെ ജയിലിൽ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല.


കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. അതേസമയം കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി വിചാരണക്കോടതി ഈ മാസം 20ന് പരിഗണിക്കും.