dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ 'വിഐപി"യുടെ പക്കലുള്ളതായി അന്വേഷണ സംഘം കരുതുന്നു. ആക്രമിച്ച ശേഷം പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആദ്യം വിഐപിക്ക് ആണ് കൈമാറിയത്. അദ്ദേഹമത് കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്‌ദം കൂട്ടിയ ശേഷമാണ് ദിലീപിന് കൈമാറ്റം ചെയ്യുന്നത്.

മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് പെൻഡ്രൈവിലാക്കിയാണ് കൈമാറ്റം ചെയ്‌തതെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിനിടയിൽ ഒരു പകർപ്പ് വിഐപിയുടെ കൈവശം സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് സംഘം കരുതുന്നത്.
ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ പിന്നീട് ഓടയിൽ ഉപേക്ഷിച്ചെന്നുമാണ് പൾസർ സുനി ആദ്യം നൽകിയ മൊഴി. എന്നാൽ, പിന്നീട് ഫോൺ അഭിഭാഷകനെ ഏൽപ്പിച്ചെന്നും അത് നശിപ്പിച്ചെന്നുമാണ് മൊഴി മാറ്റി പറഞ്ഞത്. ദിലീപിന്റെ ഭീഷണിയെ പേടിച്ചാണ് സുനി മൊഴി മാറ്റുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ദൃശ്യങ്ങളുടെ പകർപ്പ് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. വിഐപിയെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. പൾസർ സുനി പറഞ്ഞില്ലെങ്കിൽ കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കിയ ശേഷം അവരുടെ ചിത്രങ്ങൾ ബാലചന്ദ്രകുമാറിനെ കാണിച്ച് വിഐപിയെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.