vip

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ പേരെല്ലാം പുറത്തു വന്നപ്പോഴും അജ്ഞാതവാസം തുടരുന്ന ഒരാളുണ്ട്. 'വിഐപി" എന്ന പേരിൽ അന്വേഷണ സംഘവും അദ്ദേഹത്തെ കുറിച്ച് മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറും വിശേഷിപ്പിക്കുന്ന ആൾ. പലതരം അഭ്യൂഹങ്ങൾ ആ പേരിനെ ചുറ്റിപ്പറ്റി പുറത്തു വന്നെങ്കിലും ഇപ്പോൾ പൊലീസിന് കൃത്യമായ സൂചന കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്.

ബാലചന്ദ്രകുമാർ സിനിമാചർച്ചയ്‌ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. ആ സമയത്ത് ദിലീപിന്റെ ബന്ധുവിന്റെ മകൻ ശരത് അങ്കിൾ എന്ന് വിളിച്ചതായും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വിഐപി അതല്ലെന്നും ചിലപ്പോൾ കേട്ടതിലെ തെറ്റാകാമെന്നും അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനമുള്ള ആളായതു കൊണ്ട് പേര് പറയാൻ ബാലചന്ദ്രകുമാർ മടിക്കുന്നതാകാമെന്നുമാണ് ആദ്യം മുതലേ പൊലീസ് സംശയിച്ചിരുന്നത്.

കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു'മെന്നുമാണ് അന്ന് വിഐപി ഫോണിൽ പറഞ്ഞതെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കുന്നതിനിടയിൽ ദിലീപിന്റെ വീട്ടിൽ അന്നെത്തിയ ആളുകളുടെ ചിത്രങ്ങളെല്ലാം പൊലീസ് കാണിച്ചിരുന്നു. അതിൽ നിന്നും വിഐപിയെ കുറിച്ചുള്ള കൂടുതൽ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് കരുതുന്നത്.