
പാലക്കാട്: ജാൻ ബീവിയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി കേസിലെ പ്രതിയായ ബഷീർ (അയ്യപ്പൻ). യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ പറഞ്ഞിട്ടും അനുസരിക്കാത്തതിനാലാണ് കൂടെ താമസിച്ചിരുന്ന ജാൻ ബീവിയെ കൊലപ്പെടുത്താൻ കാരണമെന്ന് തെളിവെടുപ്പിനിടെ പ്രതി പറഞ്ഞു.
തനിക്ക് ജാൻ ബീവിയെ ഏറെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാനായി മതംമാറി. എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ ജാൻ ബീവി ഒഴിഞ്ഞുമാറി. ഇതിന് കാരണം പരപുരുഷ ബന്ധമാണെന്ന് സംശയിച്ചു. ഫോണിലെ വിവരങ്ങൾ പരിശോധിച്ചതോടെയാണ് യുവാവുമായുള്ള ബന്ധം തിരിച്ചറിഞ്ഞതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പത്ത് വർഷം ഒരുമിച്ചുണ്ടായിട്ടും, കബളിപ്പിക്കുകയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബഷീർ പറഞ്ഞു. മുൻപ് പലതവണ കൊലപാതകത്തിന് ശ്രമിച്ചെങ്കിലും സാഹചര്യം അനുകൂലമായില്ല. ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് പ്രതി വ്യക്തമാക്കി.