sabarimala

പത്തനംതിട്ട: ഒമിക്രോൺ വ്യാപനം മകരവിളക്ക് ഉത്സവത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. തീർത്ഥാടകർ ആശങ്കയിലാണെന്നും കഴിഞ്ഞ നാല് ദിവസമായി തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടെന്നും അനന്തഗോപൻ പറഞ്ഞു. വരുമാനത്തിലും കുറവുണ്ടായി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും ശബരിമലയിൽ പാലിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് നാളെയാണ് മകരവിളക്ക് തെളിയുന്നത്. അയ്യപ്പ വിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയോടെ വലിയാനവട്ടത്ത് എത്തിച്ചേരും. തിരുവാഭരണം ദേവസ്വം ബോർഡ് അധികൃതരും ഭക്തരും ചേർന്ന് ആചാരങ്ങളോടെ സ്വീകരിക്കും.എരുമേലി പേട്ടത്തുള്ളലിനെത്തുടർന്ന് പരമ്പരാഗത കാനന പാത വഴി പുറപ്പെട്ട അമ്പലപ്പുഴ ആലപ്പാട് സംഘങ്ങൾ പമ്പയിലെത്തിച്ചേർന്നു. പമ്പാ സദ്യയും പമ്പാ വിളക്കും ഇന്നാണ് നടത്തുന്നത്. സന്നിധാനത്തെ ശുദ്ധിക്രിയകളും ഇന്നുച്ചയോടെ പൂർത്തിയാകും.സംക്രമാഭിഷേകത്തിനുള്ള നെയ്ത്തേങ്ങ കവടിയാർ കൊട്ടാരത്തിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.

മകരവിളക്കിനോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തിൽ തീർത്ഥാടകർക്ക് പ്രവേശിക്കാം. എന്നാൽ പർണശാലകൾ കെട്ടാനോ തീർത്ഥാടനത്തിനോ അനുമതിയില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം. 19ാം തീയതി വരെയാണ് ദർശനം. 20ന് നട അടയ്ക്കും.