
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് അൽവാറിലെ തിജാര മേൽപ്പാലത്തിനടിയിൽ നിന്നും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം തടയാനായില്ല. തുടർന്ന് കുട്ടിയെ ജയ്‌പൂരിലെ ജെകെ ലോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സ്വകാര്യഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തുക്കൾ കയറ്റിയതിനാൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഡോക്ടർമാർ വെളിപ്പെടുത്തി. പെൺകുട്ടി ഇപ്പോൾ ജെകെ ലോൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർ അരവിന്ദ് ശുക്ല പറഞ്ഞു.
അതേസമയം 25കിലോമീറ്റർ പരിധിയിലുള്ള 300ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് രാജസ്ഥാൻ വനിതാ ശിശുക്ഷേമ മന്ത്രി മംമ്‌ത ഭൂപേഷ് ഉറപ്പുനൽകി. പെൺകുട്ടിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. ആറ് ലക്ഷത്തിൽ ഒരു ലക്ഷം വനിതാ ശിശു ക്ഷേമ മന്ത്രാലയവും അഞ്ച് ലക്ഷം രൂപ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമാണ് നൽകുന്നത്. സാമൂഹിക നീതി മന്ത്രി ടിക്കാറാം ജൂലി മൂന്നര ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.