
തിരുവനന്തപുരം : കാർബൺ ന്യൂട്രൽ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലൻസിന്റെ പ്രവർത്തനം ഏറെ സഹായകരമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ കിംസ് ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രീ ആംബുലൻസിന്റെ ഉത്‌ഘാടനം സെക്രട്ടറിയറ്റ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വഴിയരികിലും അനുവദനീയമായ സ്ഥലങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക, അപകടാവസ്ഥയിലായ മരങ്ങളെ സംരക്ഷിക്കുക, ട്രീ ഗാർഡുകൾ മൂലം മരങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക, വൃക്ഷങ്ങളിൽ തറച്ചിരിക്കുന്ന ആണി, ബോർഡുകൾ മുതലായവ നീക്കം ചെയ്ത് വൃക്ഷത്തെ പരിചരിക്കുക, വൃക്ഷങ്ങളെ മുറിച്ചു മാറ്റാതെ മാറ്റി സ്ഥാപിച്ച് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ട്രീ ആംബുലൻസിന്റെ പ്രവർത്തനം ആരംഭിച്ചത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രശ്മി അയിഷ മുഖ്യാതിഥിയായിരുന്നു.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ അബ്ദുൾറഷീദ്, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു.കെ.വി, സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു കുമാർ, കൗൺസിൽ ഭാരവാഹികളായ ബി.ജെ അരുൺ,അരവിന്ദ്,ദീപക്, ശിവരാജ് എന്നിവർ പങ്കെടുത്തു.