
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വിഐപിയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. വിഐപി സിനിമാ മേഖലയിൽ നിന്നുള്ള ആളല്ലെന്ന് വ്യക്തമാണെന്നും, അങ്ങനെയായിരുന്നെങ്കിൽ തനിക്കയാളെ അറിയാൻ കഴിഞ്ഞെനെയെന്നും അദ്ദേഹം പറഞ്ഞു.
വി ഐ പിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും, ബിസിനസ് ബന്ധവുമുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും സംവിധായകൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്തെ ചിത്രങ്ങൾ അടുത്തിടെ ഒരു സുഹൃത്ത് അയച്ചുതന്നിരുന്നു. അതിൽ ദിലീപിന്റെ കൂടെ നിൽക്കുന്ന ഒരാളാണോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
വിഐപി അൻവർ സാദത്ത് എംഎൽഎ ആണോയെന്ന് കുറേപ്പേർ വിളിച്ച് തന്നോട് ചോദിക്കുന്നുണ്ട്. എന്നാൽ അദ്ദേഹമല്ല. അദ്ദേഹം തനിക്ക് അറിയാവുന്നയാളാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ചില ചിത്രങ്ങൾ കാണിച്ചിരുന്നു. അതിൽ സംശയമുള്ളൊരാളെ പറ്റി പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
ദൃശ്യങ്ങളുമായി വിഐപി എത്തിയ സമയത്ത് കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടിയും അവിടെ ഉണ്ടായിരുന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ അവിടേക്ക് വന്നത്. നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവർ ദിലീപിനോട് സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനുശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വന്നതെന്നും സംവിധായകൻ പറഞ്ഞു.