abhinaya-reddy

ഹൈദരാബാദ്: അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തിരുപ്പതി വിമാനത്താവളത്തിലെയും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെയും ജലവിതരണം തടസപ്പെടുത്തി എംഎൽഎയുടെ മകൻ. റെനിഗുണ്ട എയർപോർട്ട് മാനേജർ സുനിലുമായി ആന്ധ്രാപ്രദേശ് എംഎൽഎ ബി കരുണാകർ റെഡ്ഡിയുടെ മകനും തിരുപ്പതി ഡെപ്യൂട്ടി മേയറുമായ അഭിനയ റെഡ്ഡി തർക്കത്തിലേർപ്പെടുകയായിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർസിപി നേതാവാണ് അഭിനയ റെഡ്ഡി.

ദേശീയതല കബഡി മത്സരത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ തിരുപ്പതി സന്ദർശിക്കാനെത്തിയ ആന്ധ്രാപ്രദേശ് മന്ത്രി ബോട്‌സ സത്യനാരായണയെയും തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ റെഡ്ഡിയെയും സ്വീകരിക്കാനായാണ് അഭിനയ റെഡ്ഡി വിമാനത്താവളത്തിലെത്തിയത്. അവിടെ വച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനുമായി അഭിനയ റെഡ്ഡി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് റെനിഗുണ്ട വിമാനത്താവളത്തിലേയ്ക്കും ജീവനക്കാരുടെയും ക്വാർട്ടേഴ്സിലേക്കും ജലവിതരണം നിലച്ചു. ഇതിനു പിന്നിൽ അഭിനയ റെഡ്ഡിയാണെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പൈപ്പ് ലൈനിലെ തടസമാണ് ജലവിതരണം മുടങ്ങാൻ കാരണമായതെന്നാണ് നഗരസഭാ അധികൃതരുടെ വാദം.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അപമര്യാതയായിട്ടാണ് പെരുമാറിയതെന്നും ഔദ്യോഗിക പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്നും വൈഎസ്ആർസിപി നേതാക്കൾ ആരോപിച്ചു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും തിരുപ്പതി മുനിസ്പ്പൽ അധികൃതരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ അഭിനയ റെഡ്ഡിയെ വിമർശിച്ചിരുന്നു. വിമാനത്താവളത്തിലേക്കും സ്റ്റാഫ് ക്വാർട്ടേഴ്സിലേക്കും ജലവിതരണം നിർത്തിവച്ചത് വൈഎസ്ആർസിപിയുടെ അരാജകത്വ ഭരണത്തിന്റെ തെളിവാണെന്നും. ഈ സംഭവത്തിൽ ശക്തമായി അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.