
ബംഗളൂരു: 2019 ജൂലായിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃഖലയായ കഫേ കോഫി ഡേയുടെ (സിസിഡി) ഉടമയായ വി ജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്ത വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. മംഗലാപുരത്തെ നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് ചാടി സിദ്ധാർത്ഥ ജീവനൊടുക്കുകയായിരുന്നു.
കമ്പനി 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും സാമ്പത്തിക ബാദ്ധ്യതകൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർത്ഥ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. ഭർത്താവ് ബാക്കിവച്ചിട്ടുപോയ ഭീമമായ തുകയുടെ കടബാദ്ധ്യതയോടൊപ്പമാണ് സിദ്ധാർത്ഥയുടെ ഭാര്യയായ മാളവിക ഹെഗ്ഡെയുടെ തുടർ ജീവിതം ആരംഭിക്കുന്നത്. എന്നാലിന്ന് കടക്കെണിയിൽ മുങ്ങിപോയ ഒരു കമ്പനിയുടെ രക്ഷകയെന്ന വിശേഷണത്തോടൊപ്പമാണ് മാളവികയുടെ പേര് എഴുതപ്പെടുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെ ഇതിന് സാധിക്കുമെന്ന അനേകായിരം ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് മാളവിക ഹെഗ്ഡെയുടെ ജീവിതവും കഫേ കോഫി ഡേയുടെ ഉയിർത്തെഴുന്നേൽപ്പും.
ഭർത്താവിന്റെ വിയോഗത്തിനുശേഷം 2020 ഡിസംബറിലാണ് കമ്പനിയുടെ സി ഇ ഒ സ്ഥാനം മാളവിക ഏറ്റെടുക്കുന്നത്. അവിടെ നിന്നാണ് കമ്പനിയുടെ തിരിച്ചുവരവ് ആരംഭിക്കുന്നത്. 2019 മാർച്ച് 31ലെ കണക്ക് പ്രകാരം 7200 കോടി രൂപയായിരുന്നു കമ്പനിയുടെ കടബാദ്ധ്യത. മാളവികയുടെ കഠിന പരിശ്രമത്തിൽ 2020ൽ ഇത് 3100 കോടിയായി കുറയ്ക്കാൻ സാധിച്ചു. 2021 മാർച്ച് 31 ആയപ്പോൾ കമ്പനിയുടെ ബാദ്ധ്യത 1731 കോടിയായി ചുരുങ്ങി. കമ്പനിയെ പഴയ ട്രാക്കിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും നിക്ഷേപകരെ കണ്ടെത്തി കമ്പനിയിൽ കൂടുതൽ മൂലധനം എത്തിക്കാനായതാണ് മാളവികയുടെ ഏറ്റവും വലിയ വിജയം. നിലവിൽ സിസിഡിയ്ക്ക് രാജ്യത്തുടനീളം 572 കഫേകളുണ്ട്. മാത്രമല്ല 333 കിയോസ്‌കുകളും പ്രവർത്തിക്കുന്നുണ്ട്. 36000 കോഫി വെൻഡിംഗ് മെഷീനുകളും സിസിഡി ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡെ. 1969ൽ ബംഗളൂരുവിൽ ജനനം. എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക 1991ലാണ് സിദ്ധാർത്ഥയെ വിവാഹം ചെയ്യുന്നത്. ഇഷാൻ, അമർത്യ എന്നിവരാണ് മക്കൾ. കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷനായ ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയാണ് അമർത്യയുടെ ഭാര്യ. സിസിഡിയുടെ സി ഇ ഒയായി ചുമതലയേൽക്കും മുൻപ് ഒൻപത് വർഷത്തോളം കമ്പനിയുടെ നോൺ ബോർഡ് അംഗമായി മാളവിക പ്രവർത്തിച്ചിട്ടുണ്ട്.