dileep

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമെന്ന കാര്യം ദിലീപ് മുൻകൂട്ടി അറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ. അതുകൊണ്ടാണോ വീട് പൂട്ടിയിട്ടതും നിർമ്മാണ കമ്പനി അടച്ചിട്ടതെന്നുമുള്ള സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലുമുണ്ട്.

കഴിഞ്ഞ ദിവസവും നിർമ്മാണ കമ്പനി പ്രവർത്തിച്ചിരുന്നു. രാവിലെ 11.45ന് അന്വേഷണ ഉദ്യോഗസ്ഥർ ഓഫീസിലെത്തിയെങ്കിലും അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തിയാണ് പരിശോധനയ്‌ക്കായി ഓഫീസ് തുറന്നു കൊടുത്തത്.

ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. അടഞ്ഞു കിടന്ന വീട്ടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്നാണ് പ്രവേശിച്ചത്. പിന്നാലെ സഹോദരി എത്തിയാണ് വീട് തുറന്നു കൊടുത്തത്. മൂന്നു മണിക്കൂറോളമായി പരിശോധന തുടരുകയാണ്.

എന്നാൽ, ദിലീപ് വീട്ടിനകത്തുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഗൂഢാലോചന സമയത്ത് കാവ്യാമാധവനും ദിലീപിനൊപ്പമുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിരിക്കുന്നത്. പിന്നാലെ, കാവ്യാമാധവന്റെയും മൊഴി എടുക്കുമെന്നുള്ള തരം വാർത്തകളും വന്നിരുന്നു. ഇപ്പോൾ പത്മസരോവരത്തിൽ ദിലീപ് മാത്രമാണുള്ളത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.