
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. ആദ്യ സെക്ഷനിലെ ഡ്രിങ്ക്സ് ബ്രേക്കിന് പിരിയുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 90 റണ്ണെടുത്തിട്ടുണ്ട്. 17 റണ്ണുമായി ക്യാപ്ടൻ വിരാട് കൊഹ്ലിയും 25 റണ്ണുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
നേരത്തെ മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഒൻപത് റണ്ണെടുത്ത ചേതേശ്വർ പൂജാരയെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വന്ന അജിങ്ക്യ രഹാനെയും അധികം വൈകാതെ മടങ്ങി. വെറും ഒരു റണ്ണായിരുന്നു രഹാനെയുടെ സമ്പാദ്യം. 58ന് നാല് വിക്കറ്റ് നഷ്ടത്തിൽ പതറിയ ഇന്ത്യയെ റിഷഭ് പന്തുമായി ചേർന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ് കൊഹ്‌ലി. നിലവിൽ ഇന്ത്യക്ക് 103 റണ്ണിന്റെ ലീഡുണ്ട്.
ആദ്യ ഇന്നിംഗ്സിൽ 223ന് എല്ലാവരും പുറത്തായ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി ബാറ്റിംഗിൽ 210 റൺ എടുക്കാനെ സാധിച്ചിരുന്നുള്ളു. ആതിഥേയരെക്കാളും മികച്ച രീതിയിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർമാരിൽ തന്നെയാണ് സന്ദർശകരുടെ പ്രതീക്ഷയും. എന്നാൽ 200ന് മുകളിൽ എങ്കിലും ഇന്ത്യ ലീഡെടുക്കേണ്ടതായുണ്ട്.
തുടർന്ന് വരുന്ന ഇന്ത്യയുടെ ബാറ്റർമാർ വാലറ്റ താരങ്ങളായതിനാൽ തന്നെ കൊഹ്‌ലി - പന്ത് കൂട്ടുക്കെട്ടിന് നിലവിലെ സാഹചര്യത്തിൽ വളരെ പ്രാധാന്യം ഉണ്ട്. വാലറ്റ നിരയിൽ രവിചന്ദ്രൻ അശ്വിനും ശാർദൂൽ താക്കൂറും ജസ്പ്രീത് ബുമ്രയും അത്യാവശ്യം ബാറ്റ് ചെയ്യാൻ സാധിക്കുന്നവരാണെങ്കിലും 200 മേലെ ലീഡ് എന്ന ഇന്ത്യൻ ലക്ഷ്യം എത്തിപ്പിടിക്കണമെങ്കിൽ കൊഹ്‌ലിയും പന്തും മികച്ച പ്രകടനം പുറത്തെടുക്കുക തന്നെ വേണം.