omar-lulu-dileep

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് പിന്തുണയറിയിച്ചു കൊണ്ട് പോസ്‌റ്റ് ചെയ‌്ത ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ച് സംവിധായകൻ ഒമർ ലുലു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞത് അല്ലാതെ വ്യക്തിയെ അല്ല, നടന്ന കാര്യത്തെ നിസാരവൽക്കരിച്ചിട്ടില്ല എന്നിങ്ങനെയുള്ള ന്യായീകരണങ്ങളോടെയാണ് ഒമർ ക്ഷമാപണം നടത്തിയത്.

ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്നും പറഞ്ഞ് ഇന്നലെയാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പോസ്റ്റ് വലിയ തരത്തിൽ വിവാദമായി. കുറ്റാരോപിതനെ പിന്തുണയ്ക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളുയർന്നു. ഇതോടെയാണ് ഒമറിന്റെ പിന്മാറ്റം.

ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞത് വ്യക്തിയെ അല്ല. നടന്ന കാര്യത്തെ നിസാരവൽക്കരിച്ചിട്ടില്ല. ക്ലിപ് കാണില്ലേ എന്ന് ഞാൻ ചോദിച്ചത് ക്ലിപ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരാണ്. ഇന്നലെ ഞാനിട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ്. സത്യം ജയിക്കട്ടെ എന്നാണ് ഇന്ന് ഒമർ ലുലു പറയുന്നത്. എന്നാൽ സൈബർ ആക്രമണം ശക്തമായതോടെ ഈ കുറിപ്പും മണിക്കൂറുകൾക്കുള്ളിൽ ഒമർ പിൻവലിച്ചു.