dharam-singh-saini

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കി നിൽക്കെ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് മൂന്നാമത്തെ രാജി. ഉത്ത‌ർപ്രദേശിലെ ഒ ബി സി വിഭാഗങ്ങളുടെ ഒരു പ്രധാന നേതാവും നകുഡ് നിയോജകമണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നാലുതവണയും വിജയിക്കുകയും ചെയ്ത ധരം സിംഗ് സൈനിയാണ് ഇത്തവണ രാജിവച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബി ജെ പി മന്ത്രിസഭയിൽ നിന്ന് രാജിവക്കുന്ന മൂന്നാമത്തെ മന്ത്രിയും എട്ടാമത്തെ പ്രധാന നേതാവുമാണ് സൈനി. പാർട്ടി വിട്ട ഇവരെല്ലാം അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

മുന്ന് ദിവസം മുമ്പ് യോഗി മന്ത്രിസഭയിൽ നിന്ന് സ്വാമി പ്രസാദ് മൗര്യ രാജിവച്ചപ്പോൾ അദ്ദേഹത്തെ വിമർശിക്കുന്നതിൽ മുൻപന്തിയിൽ നിന്ന വ്യക്തി കൂടിയായിരുന്നു ധരം സിംഗ് സൈനിയെന്നതാണ് രസകരം. മൗര്യ രാജിവച്ച അവസരത്തിൽ തന്നെ തുടർന്ന് രാജിവക്കുന്ന നേതാക്കളുടെ കൂട്ടത്തിൽ സൈനിയുടെ പേരും പറഞ്ഞു കേട്ടിരുന്നു. അത്തരം വാർത്തകളെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും താൻ ഒരിക്കലും ബി ജെ പി വിട്ടുപോകില്ലെന്നും സൈനി വ്യക്തമാക്കിയിരുന്നു. എന്നാൽ ആ പ്രസ്താവന നടത്തി 24 മണിക്കൂർ പൂ‌ർത്തിയാകുന്നതിന് മുമ്പ് സൈനിയും രാജിവച്ചിരിക്കുകയാണ്.

മറ്റ് എട്ട് പേരും രാജിവച്ചതിന് സമാനമായ രീതിയിലാണ് സൈനിയും പാർട്ടി വിടുന്നതിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. രാജി പ്രഖ്യാപനം നടത്തിയശേഷം സമാജ്‌വാദി പാ‌ർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. അതുപോലെ തന്നെ സൈനിയുമായുള്ള സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അഖിലേഷ് സൈനിയെ സമാജ്‌വാദി പാ‌ർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായുള്ള അടിക്കുറിപ്പും നൽകിയിട്ടുണ്ട്.