blasters

മി​ന്നൽ മുരളി​ സി​നി​മയി​ലെ ഇടി​മി​ന്നലേറ്റശേഷമുള്ള നായകന്റെയും പ്രതി​നായകന്റെയും പ്രകടനം അവി​ശ്വസനീയമാണ്. അതുവരെയി​ല്ലാത്ത കഴി​വുകൾ ഇരുവർക്കും ലഭി​ച്ച് അവർ സൂപ്പർ ഹീറോയും സൂപ്പർ വി​ല്ലനുമായി​ മാറുന്നു. ഈ സീസൺ​ ഇന്ത്യൻ സൂപ്പർ ലീഗി​ലും അതേപോലൊരു അവി​ശ്വസനീയ കുതി​പ്പാണ് കേരളബ്ളാസ്റ്റേഴ്സ് കാഴ്ചവയ്ക്കുന്നത്. കഴി​ഞ്ഞ സീസണുകളി​ലൊക്കെ കലി​പ്പടക്കും, കടം വീട്ടുമെന്നൊക്കെ വീരവാദം പറഞ്ഞുവന്ന് കടക്കെണി​യി​ൽ പെട്ട് ഒന്നുമാകാതെ പോയ ബ്ളാസ്റ്റ്ഴ്സി​ൽ നി​ന്ന് ഇക്കുറി​ ആരാധകർ പോലും കാര്യമായി​ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ സീസണിലെ ആദ്യ 11 മത്സരങ്ങൾ പിന്നിടുമ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പോയിന്റ് നിലയിൽ ഒന്നാമതെത്തിയിരിക്കുകയാണ് മഞ്ഞപ്പട. കൊമ്പന്മാർക്ക് എവിടെ നിന്നാണ് ഇത്രയും സൂപ്പർ പവർ നൽകിയ മിന്നലടി ഏറ്റത് എന്ന് അമ്പരക്കുകയാണ് എല്ലാവരും.

ഈ സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോറ്റപ്പോൾ കഴിഞ്ഞ സീസണിലെ വിധിതന്നെയാണ് ഇക്കുറിയും കൊമ്പന്മാരെ കാത്തിരിക്കുന്നത് എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ അതിന് ശേഷമുള്ള ഓരോ മത്സരത്തിലും കൊമ്പന്മാർ മെച്ചപ്പെടുകയായിരുന്നു. ആദ്യ തോൽവിക്ക് ശേഷമുള്ള പത്തുമത്സരങ്ങളിലും ബ്ളാസ്റ്റേഴ്സ് തോൽവി അറിഞ്ഞില്ല. അഞ്ചു മത്സരങ്ങൾ ജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ സമനില വഴങ്ങി.ഏറ്റവും ഒടുവിൽ നടന്ന രണ്ട് മത്സരങ്ങളിൽ തുടർവിജയം നേടി. സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തുടർവിജയമാണ് ബുധനാഴ്ച രാത്രി തിലക് മൈതാനിൽ ഒഡിഷ എഫ്.സിക്കെതിരെ കണ്ടത്.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷയ്ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയം.പ്രതിരോധതാരങ്ങളായ നിഷുകുമാറും ഹർമൻജോത് ഖബ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഖബ്ര ഹീറോ ഒഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയിന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയിൽ ഒന്നാമതെത്തിയത്. സീസണിൽ ആദ്യമായി 20 പോയിന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാർ സ്വന്തമാക്കി. തോൽവിയറിയാതെ ബ്ലാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ സർവകാല റെക്കാഡ് കൂടിയാണിത്. മറുവശത്ത് തോൽവിയോടെ ഒഡിഷ എട്ടാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ടീമിനുള്ളത്.

മിന്നൽ വിജയ ഘടകങ്ങൾ

1. ഈ സീസണിലെ വിജയങ്ങൾക്ക് ബ്ളാസ്റ്റേഴ്സ് പ്രധാനമായും നന്ദി പറയേണ്ടത് ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനോടാണ്. തന്റെ താരങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ മെനയാൻ കോച്ചിനും അത് നടപ്പിലാക്കാൻ കളിക്കാർക്കും കഴിഞ്ഞു.

2. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെയാണ് മഞ്ഞപ്പട ഇക്കുറി കളിക്കാനിറങ്ങിയത്.അതുകൊണ്ടുതന്നെ സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ കഴിയുന്നു.

3. ഏതെങ്കിലും ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചല്ല ബ്ളാസ്റ്റേഴ്സ് കളിക്കുന്നത്. ഓരോ പൊസിഷനിലും യോജിച്ച കളിക്കാർ അവരുടെ ദൗത്യം കൃത്യമായി നിറവേറ്റുന്നു. ആർക്കെങ്കിലും പരിക്കേറ്റാൽപ്പോലും അത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നില്ല.

4. ആദ്യ പകുതിയിൽ നന്നായി പ്രസ് ചെയ്ത് കളിച്ച് ലീഡെടുക്കുകയും രണ്ടാം പകുതിയിൽ കൃത്യമായി ആ ലീഡ് പ്രതിരോധിക്കുകയും ചെയ്യുന്ന തന്ത്രമാണ് അവസാന രണ്ട് മത്സരങ്ങളിലും വുകോമനോവിച്ച് വിജയകരമായി നടപ്പിലാക്കിയത്. മദ്ധ്യനിര താരങ്ങളെ ആവശ്യമറിഞ്ഞ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഉപയോഗിക്കുന്നു.എതിരാളികളുടെ വീര്യം ഫൈനൽ തേഡിലെത്തുന്നതിന് മുന്നേ ചോർത്തുന്ന ലിവർപൂളിന്റെ ശൈലിക്ക് സമാനമാണ് ബ്ളാസ്റ്റേഴ്സിന്റെ ശൈലിയും

5. അൽവാരോ വാസ്ക്വേസും പെരേര ഡയസും സഹലും അഡ്രിയാൻ ലൂണയുമൊക്കെ ഓരോ മത്സരത്തിലും പുറത്തെടുക്കുന്ന ഒത്തൊരുമയാണ് മഞ്ഞപ്പടയുടെ യഥാർത്ഥ വിജയമന്ത്രം. ഗോൾ വലയ്ക്ക് കീഴിൽ പ്രഭ്സുഖൻ സിംഗ് ഗില്ലിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

2014ന് ശേഷം ആദ്യമായാണ് ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

സീസണിൽ ഏറ്റവും കുറവ് തോൽവി നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹൻ ബഗാനെതിരെ ഉദ്ഘാടന മത്സരത്തിൽ മാത്രം.

സീസണിലെ ജയങ്ങളുടെ എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുരിനും മുംബയ് സിറ്റിക്കും ഒപ്പം ഒന്നാമത്

സീസണിൽ കൂടുതൽ സമനില വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സ് തന്നെ.

ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ പേരിൽ

സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ രണ്ട് ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദും ഒപ്പമുണ്ട്. 24

ഗോൾ വാങ്ങിയ ഒഡീഷയാണ് ഏറ്റവും പിന്നിൽ.

8 മത്സരങ്ങളാണ് ഇനി ബ്ളാസ്റ്റേഴ്സിന് പ്രാഥമിക റൗണ്ടിൽ അവശേഷിക്കുന്നത്.