kk

കോഴിക്കോട് : ഹരിത വിവാദത്തിലെ നിലപാടിന്റെ പേരിലാണ് തന്നെ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തതെന്ന് ലത്തീഫ് തുറയൂർ. തന്നെ നീക്കിയത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ പ്രചാരണം നടക്കുകയാണ്. ആരാണ് പുറത്താക്കിയതെന്നോ എങ്ങനെയാണ് പുറത്താക്കിയതെന്നോ വ്യക്തമല്ല. എംഎസ്എഫ് ഉപദേശക സമിതി തന്നെ കേട്ടിട്ടില്ല. എനിക്കെതിരെ റിപ്പോർട്ട് ഉള്ളതായി അറിയില്ല. നടപടി എടുക്കുന്ന ആളുകൾ അക്കാര്യം പറയാൻ എന്തിന് മടിക്കുന്നുവെന്നും ലത്തീഫ് തുറയൂർ ചോദിച്ചു.

ഹരിത വിവാദത്തിൽ എന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?' വിഷയം നേതാക്കന്മാരെയും അറിയിച്ചതാണെന്നും ലത്തീഫ് പറഞ്ഞു.'മിനിട്സ് ബുക്ക് നേരത്തെ നേതൃത്വത്തിന് കൈമാറിയതാണ്. അവർ അത് പൊലീസിന് നൽകുമെന്നാണ് തന്നെ അറിയിച്ചത്. ആ മിനിട്‌സ് ഹാജരാക്കാത്തതിനാൽ ഇപ്പോഴും പൊലീസ് എനിക്കെതിരെ നടപടികൾ തുടരുകയാണ്. അന്നത്തെ യോഗത്തിന്റെ മിനിട്സ് തിരുത്താൻ മുസ്ലിം ലീഗിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. മിനിട്സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്സാണ് പൊലീസിൽ ഹാജരാക്കുന്നതെങ്കിൽ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് തുറയൂർ വ്യക്തമാക്കി.