
മാരാരിക്കുളം: അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്നു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ സെന്റ് അഗസ്റ്റിൻ സ്കൂളിന് സമീപം മത്സ്യത്തൊഴിലാളിയായ തോട്ടുങ്കൽ ആന്റണിയുടെ ഭാര്യ റീത്താമ്മയുടെ മാലയാണ് ചൊവ്വാഴ്ച അർദ്ധരാത്രി അപഹരിച്ചത്. ശബ്ദം കേട്ട് ഉണർന്നെങ്കിലും മാലയുടെ ഒരു ചെറിയഭാഗം ഒഴിച്ച് ബാക്കി മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ഇവർ തുറന്നിട്ടിരുന്ന അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. ബഹളം കേട്ട് ഉണർന്നെത്തിയ ഭർത്താവ് ആന്റണിയെ കല്ലുകൊണ്ട് ആക്രമിക്കുകയും ഇരുമ്പ് പൈപ്പിന് അടിക്കാനും ശ്രമിച്ചു. മക്കളായ ഓട്ടോ ഡ്രൈവർ ലാലും ലൈജുവും കള്ളന്മാരുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പരിക്കേറ്റ ആന്റണി ചേർത്തല താലക്ക് ആശുപത്രിയിൽ ചികിത്സ തേടി. അർത്തുങ്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.