
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക ചുവടുവയ്പുമായി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഇന്നലെ ഉച്ചയോടെ എറണാകുളം സബ് ജയിലിലെത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിലെ വസ്തുതകൾ സുനിയിൽ നിന്ന് ആരാഞ്ഞു.
സുനി അമ്മയ്ക്ക് കൈമാറിയ യഥാർത്ഥ കത്ത് കണ്ടെത്തുന്നതിന്റെ ഭാഗമായി സുനിയുടെ സെല്ലിൽ ഉൾപ്പെടെ പരിശോധന നടത്തി. പുറത്തുവന്നത് കത്തിന്റെ പകർപ്പാണെന്ന സംശയത്തെ തുടർന്നാണിത്.
കഴിഞ്ഞ ദിവസം സുനിയും മുൻ സഹതടവുകാരൻ ജിൻസണും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും കണ്ടതായി സുനി ഇതിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങളും സുനിയോട് ചോദിച്ചു. 2018 മേയിൽ എഴുതിയ കത്ത് സുനിയുടെ അമ്മ ശോഭന കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തി ശോഭനയുടെ മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം കോടതിയെ സമീപിക്കും. നടിയെ ആക്രമിക്കാൻ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടത്തിയ ഗൂഢാലോചനയിൽ മറ്റ് ചില സിനിമാക്കാർക്കും പങ്കുണ്ടെന്നാണ് രണ്ട് പേജുള്ള കത്തിൽ സൂചിപ്പിക്കുന്നത്.