
ന്യൂഡൽഹി: വനിതാ ബാഡ്മിന്റണിൽ ഇന്ത്യക്ക് ഉയർത്തികാണിക്കാൻ ലോകനിലവാരത്തിലുള്ള ഒരു താരം എക്കാലവും ഉണ്ടായിരുന്നു. ഒരു കാലത്ത് അപർണാ പോപ്പട്ട് ആയിരുന്നെങ്കിൽ പിന്നെ ആ കിരീടം സൈനാ നെഹ്‌വാളിലേക്കും തുടർന്ന് പി വി സിന്ധുവിലേക്കും എത്തി. ആ ശ്രേണിയിലേക്ക് എത്താനുള്ള ആദ്യ ചുവട് വച്ചിരിക്കുകയാണ് നാഗ്‌പൂരിൽ നിന്നുള്ള ഇരുപതുകാരി മാളവിക ബൻസോദ്. ഇന്ന് നടന്ന ഇന്ത്യ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ തന്റെ ആരാധനാ മൂർത്തി കൂടിയായ സൈന നെഹ്‌വാളിനെ തന്നെ തറപ്പറ്റിച്ചിരിക്കുകയാണ് മാളവിക.
വെറും 34 മിനിട്ടുകൾ മാത്രം നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകളിലാണ് മാളവിക സൈനയെ പരാജയപ്പെടുത്തിയത്. സ്കോർ 21-17, 21-9. സൈനയുടേതിന് സമാനമായി പവർ ഗെയിം തന്നെയാണ് മാളവികയുടെയും കരുത്ത്. നെറ്റിന് സമീപമുള്ള ചടുലനീക്കങ്ങൾ കൂടിയാകുമ്പോൾ മാളവികയെ നേരിടുന്നത് എതിരാളികൾക്ക് ദുഷ്കരമാകുന്നു.
സൈനയെ തോല്പിച്ചതോടെ മാളവികയുടെ പ്രകടനം കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുമെന്ന് പറയാമെങ്കിലും ഇതിനോടകം മൂന്ന് സീനിയർ ദേശീയ കിരീടങ്ങൾ മാളവിക സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ആദ്യ കിരീടം മാളവിക സ്വന്തമാക്കുന്നത് തന്റെ 17ാമത്തെ വയസിലാണ്. ബറേലിയിൽ 2018ൽ നടന്ന ദേശീയ സീനിയർ റാങ്കിംഗ് ടൂർമമെന്റ്. അതിന് ശേഷം 2019ൽ കോഴിക്കോട് നടന്ന ദേശീയ റാങ്കിംഗ് ടൂർണമെന്റിലും കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന ടൂർണമെന്റിലും മാളവിക കിരീടം സ്വന്തമാക്കി.
എന്നാൽ ഇതിൽ എല്ലാം വച്ച് മാളവികയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയമേതെന്ന് ചോദിച്ചാൽ ഇന്ന് സൈനയ്‌ക്കെതിരെ നേടിയ വിജയം എന്ന് പറയും ഈ കൊച്ചു മിടുക്കി. വെറുമൊരു രണ്ടാം റൗണ്ട് വിജയമെന്നതിനേക്കാളുപരി മാളവികയുടെ ആരാധനാമൂർത്തി കൂടിയാണ് സൈന. "ഇന്ത്യയിൽ വനിതാ ബാഡമിന്റൺ ഇത്രയേറെ പ്രചാരത്തിൽ വന്നത് സൈനയുടെ കടന്നു വരവിനുശേഷമാണ്. എന്നെപോലെ നിരവധി പേർ ബാഡ്മിന്റണിലേക്ക് ആകർഷിക്കപ്പെട്ടതും സൈന കാരണമാണ്. അതിനാൽ തന്നെ ഈ വിജയം വളരെ പ്രത്യേകതയുള്ളതാണ്," മത്സരശേഷം മാളവിക പറഞ്ഞു.
തന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്നതാണ് മാളവികയുടെ അടുത്ത വെല്ലുവിളി. എത്രയും വേഗം റാങ്കിംഗ് ഉയർത്തണമെന്നും എങ്കിൽ മാത്രമേ സൂപ്പർ 500, സൂപ്പർ 300, സൂപ്പർ 1000 വിഭാഗങ്ങളിലുള്ള ടൂർണമെന്റുകളിലേക്ക് യോഗ്യത നേടാൻ സാധിക്കുകയുള്ളൂവെന്നും മാളവിക വ്യക്തമാക്കി.