bishop-franco

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ വിധി അല്പസമയത്തിനകം. വിധി പറയാൻ ജഡ്ജി ചേംബറിലെത്തിയിട്ടുണ്ട്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.വിധി കേൾക്കാൻ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിട്ടുണ്ട്. പിൻവാതിൽ വഴിയാണ് കോടതിയിലേക്ക് കയറിയത്. കർശന സുരക്ഷയാണ് കോടതിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എഴുപതോളം പൊലീസുകാരെയാണ് കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിധി പ്രസ്താവം ഉണ്ടാവുമ്പോൾ ബിഷപ്പിനെ അറസ്റ്റുചെയ്തപ്പോൾ ഉണ്ടായതിന് സമാനമായ തരത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് കോടതിയിലും മഠത്തിലും സുരക്ഷ ഒരുക്കാൻ കാരണം.

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാണ് ഇന്ന് വിധിപറയുക. കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ പതിമൂന്നുതവണ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.

കേസിൽ 83 സാക്ഷികളെ വിസ്തരിച്ചപ്പോൾ 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തിട്ടുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.