
ന്യൂഡൽഹി: കൗമാരക്കാർക്കുള്ള വാക്സിൻ വിതരണത്തിൽ വൻകുതിപ്പുമായി ഇന്ത്യ. രാജ്യത്തെ 3.14 കോടി കൗമാരക്കാർക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു. ജനുവരി മൂന്നിനാണ് 15 മുതൽ 17 വയസ് വരെയുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. 11 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യക്ക് ഈ വലിയ നേട്ടം കൈവരിക്കാനായത്.
വാക്സിൻ സ്വീകരിച്ച കൗമാരക്കാരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ വലിയ ഉത്തരവാദിത്തബോധവും ആവേശവും ഉണ്ടെന്ന് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് വ്യക്തമാക്കുന്നു. അർഹരായ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൗമാരക്കാർക്ക് വാക്സിൻ നൽകുന്നത് ഇന്ത്യയുടെ കൊവിഡിന് എതിരായ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ (എൻടിജിഐ) കൊവിഡ്-19 വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അറോറ വ്യക്തമാക്കി. “കൗമാരക്കാർക്ക് വാക്സിൻ നൽകുന്നത് രക്ഷിതാക്കൾക്ക് അവരെ സ്‌കൂളിലേക്ക് അയയ്‌ക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 7.50 കോടി കൗമാരക്കാർക്ക് ഈ ഘട്ടത്തിൽ വാക്സിൽ നൽകണം. നിലവിൽ ഭാരത് ബയോടെക് തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ മാത്രമാണ് ഈ വിഭാഗത്തിന് നൽകുന്നത്. ഇതിലേക്കായി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വാക്സിന്റെ അധിക ഡോസുകൾ അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.