neethu-

തൃശൂർ: കൂർക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ വേഷത്തിലെത്തിയ യുവതി അറസ്റ്റിലായി. പാലക്കാട് ശ്രീകൃഷ്ണപുരം ചേന്നൻകാട്ടിൽ ജയലളിതയാണ് (43) അറസ്റ്റിലായത്. സ്‌റ്റെതസ്‌കോപ്പും പ്രഷർ പരിശോധിക്കുന്ന ഉപകരണവുമായി ഡി.എം.ഒ ഓഫീസിൽ നിന്നുമാണെന്ന് അറിയിച്ചായിരുന്നു ഇവർ വന്നത്. സംശയം തോന്നിയ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ പുറത്ത് കിടന്നിരുന്ന ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

മെഡിക്കൽ ഓഫീസർ നെടുപുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷിച്ചതിലാണ് ഇവരെ കണ്ടെത്തിയത്. പരിശോധനയിൽ നിന്നും ജയലളിതയിൽ നിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന വെള്ള ഓവർകോട്ടും, സ്‌റ്റെതസ്‌കോപ്പും, പ്രഷർ പരിശോധിക്കുന്ന ഉപകരണവും കണ്ടെടുത്തു. ഈ ഉപകരണങ്ങൾ വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാജപേര് നൽകിയാണ് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയതെന്നും കണ്ടെത്തി. ഇവരുടെ മുൻകാല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളേജിലും ഡോക്ടർ വേഷത്തിലെത്തി യുവതി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം ഏറെ വിവാദമായിരുന്നു. പൊലീസിൻെറ ഇടപെടലിലാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്.