cpm-thiruvathira-

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കോളേജുകൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകൾ വ്യാപകമായി. ജില്ലയിലെ പ്രധാന ആശുപത്രികളിലും രോഗവ്യാപനം കൂടുകയാണ്. ശ്രീചിത്രയിൽ ഡോക്ടർമാർ ഉൾപ്പെടെ ഇരുപതോളം പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവച്ചു. എന്നാൽ ഒ.പികളിൽ എത്തുന്നതിന് നിലവിൽ തടസമില്ല. ആർ.സി.സിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ജില്ലയിൽ 32.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോളേജുകൾ കേന്ദ്രീകരിച്ച് 12 ക്ലസ്റ്ററുകളും ആകെ 339 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഫാർമസി കോളേജ്, എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി), മാർ ബസേലിയോസ് കോളേജ്, ശ്രീചിത്ര പാപ്പനംകോട്, സായി എൽ.എൻ.സി.പി, പി.എം.എസ് ഡെന്റൽ കോളേജ്, ആയുർവേദ കോളേജ്, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ്, എസ്.യു.ടി വട്ടപ്പാറ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിയദർശിനി വനിതാ ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്.

ആർ.സി.സിയിൽ നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആർ.സി.സിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗിക്കൊപ്പം ഒരു സഹായിയെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഇവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സന്ദർശകർക്കും കർശന നിയന്ത്രണമുണ്ട്. തുടർ പരിശോധന മാത്രം ആവശ്യമുള്ളവർ ജില്ലാതല ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തണം. വിദേശത്തുനിന്ന് വരുന്നവർ ക്വാറന്റൈൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുടർ പരിശോധനയ്ക്കായി നേരത്തേ അപ്പോയിൻമെന്റ് ലഭിച്ചിട്ടുള്ളവർ പുതിയ തീയതിയ്ക്കായി ഉച്ചയ്ക്ക് 2 മുതൽ 4 വരെ ബന്ധപ്പെട്ട ക്ലിനിക്കുകളിൽ വിളിക്കണം. ഫോൺ എ ക്ലിനിക്: 0471 2522396, ബി ക്ലിനിക്: 0471 2522315, സി ക്ലിനിക്: 0471 2522437, ഡി ക്ലിനിക്: 0471 2522474, ഇ ക്ലിനിക്: 0471 2522533, എഫ് ക്ലിനിക്: 04712522396, ജി ക്ലിനിക്: 04712522637.