maharashtra

വാർദ്ധ: സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ളാന്റിൽ നിന്ന് പതിനൊന്ന് തലയോട്ടികളും 56 ഭ്രൂണാസ്ഥികളും കണ്ടെത്തി. മഹാരാഷ്ട്രയിലെ വാർദ്ധ ജില്ലയിലെ അർവി ടെഹ്‌സിലുള്ള കദാം ആശുപത്രിയിലാണ് ‌ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിമൂന്ന് വയസുകാരിയുടെ ഗ‌ർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് പൊലീസ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.

പതിമൂന്ന് വയസുകാരിയെ നിയമവിരുദ്ധമായി ഗ‌ർഭച്ഛിദ്രം നടത്തിക്കുന്നതിനായി വീട്ടുകാർ കദാം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കദാം ആശുപത്രിയിലെ രേഖാ കദാം എന്ന ഡോക്ടർ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടയിലാണ് പുതിയ കണ്ടെത്തൽ. തലയോട്ടികളും അസ്ഥികളും പരിശോധനയ്ക്കായി അയച്ചു. ഇവ നിയമവിരുദ്ധമായാണോ നിക്ഷേപിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനുവരി ഒൻപതിനാണ് കദാം ആശുപത്രിയിലെ നഴ്സും ഡ‌ോക്ടർ രേഖാ കദാമും അനധികൃത ഗ‌ർഭച്ഛിദ്രത്തിന്റെ പേരിൽ അറസ്റ്റിലാവുന്നത്. പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മാതാപിതാക്കൾ അറസ്റ്റിലായിരുന്നു. ഗ‌ർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുമെന്ന് ആൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിയുടെ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഗ‌ർഭച്ഛിദ്രം നടത്താനുള്ള പണവും ഇവർ നൽകിയിരുന്നു.