king

ദക്ഷിണാഫ്രിക്കയിലെ പാർലമെന്റ് വളപ്പിൽ കഞ്ചാവ് കൃഷി നടത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌ത ഖൊയ്‌സാൻ ഗോത്ര രാജാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി.

കഞ്ചാവ് ചെടികളെ നശിപ്പിക്കുന്ന പൊലീസിനെ രാജാവ് തടയുന്നതും ചെടികളെ കെട്ടിപ്പിടിച്ച് കിടക്കുന്ന രാജാവിന്റെ ചിത്രങ്ങളുമെല്ലാം വളരെ വേഗത്തിലാണ് വൈറലായത്. ഗോത്രവർഗക്കാരുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കി തരണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മൂന്നു വർഷമായി രാജാവും കുടുംബവും പാർലമെന്റിന് സമീപത്ത് കുടിൽ കെട്ടിയാണ് താമസം.

king

അതിനോട് ചേർന്ന് ആരാരുമറിയാതെ ഖൊയ്‌സാൻ രാജാവ് നട്ടുവളർത്തിയ കഞ്ചാവ് ചെടികളെ പൊലീസ് കണ്ടെത്തിയതോടെ പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പൊലീസെത്തി നശിപ്പിച്ചതോടെ അവയെ കെട്ടിപ്പിടിച്ചാണ് രാജാവും അനുയായികളും പ്രതിഷേധം അറിയിച്ചത്. തന്റെ കൃഷി നശിപ്പിച്ചാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് ആഹ്വാനമിറക്കിയതോടെയാണ് പൊലീസ് ഗോത്രരാജാവിനെ അറസ്റ്റ് ചെയ്ത് നീക്കിയത്.

king

പാർലമെന്റ് വളപ്പിൽ കഞ്ചാവ് കൃഷി ചെയ്‌തതിനും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കാത്തതുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ. രാജാവിനെ പിടിച്ചുകൊണ്ടു പോയതോടെ കടുത്ത പ്രതിഷേധങ്ങളാണ് ഗോത്രവംശജർ നടത്തിയത്.

തങ്ങളുടെ രാജാവിനെ വിട്ടുകിട്ടാനായി അവർ വലിയ പൂജകളും പ്രാർത്ഥനകളും വരെ നടത്തി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കഞ്ചാവ് വലിച്ച് ആഘോഷിക്കുന്ന ഗോത്രരാജാവിന്റെ ചിത്രങ്ങളും വൈറലായിരന്നു.