bishop

കോട്ടയം:രാജ്യത്തെ കത്തോലിക്കാ വിശ്വാസികളെയും സഭയെയും ഒരുപോലെ അമ്പരപ്പിച്ച കേസിലാണ് ഇന്ന് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി കോടതി വിധി പറഞ്ഞത്. ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. ഏറെ പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റുചെയ്യാൻ കഴിഞ്ഞതുതന്നെ. നീതിക്ക് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്ത കേസാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഫ്രാങ്കോയെ അറസ്റ്റുചെയ്യാനായി ജലന്ധർ രൂപതാസ്ഥാനത്ത് എത്തിയ കേരള പൊലീസിന് ഉപരോധമടക്കമുള്ളവ നേരിടേണ്ടിവന്നു. ജലന്ധറിൽ വച്ച് ചോദ്യംചെയ്താൽ അതൊരു ക്രമസമാധാന പ്രശ്നമായി മാറുമെന്ന് പഞ്ചാബ് പൊലീസ് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ഒടുവിൽ 2018 സെപ്റ്റംബർ 19 ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് ഫ്രാങ്കോയെ വിളിച്ചുവരുത്തുകയായിരുന്നു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയാണ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യലിനിടെ ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ ഫ്രാങ്കോയുടെ ഓരോഭാവങ്ങളും സൂക്ഷ്മ നിരീക്ഷണം നടത്തി.

ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഒടുവിൽ മൂന്നാം ദിവസം രാത്രി ഫ്രാങ്കോയെ പൊലീസ് അറസ്റ്റുചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതോടെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലാണ് അടച്ചത്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്.

പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ഫ്രാങ്കോയെ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെയാണ് മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നത്.

2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി. ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹർജി തളളിയത്. ഇതിനിടെ 2020 ഓഗസ്റ്റിൽ വിചാരണ തുടങ്ങി.

14 ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ഒടുവിൽ വിചാരണയ്ക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നൽകിയത്. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണയ്ക്ക് ഹാജരായി. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഫ്രാങ്കോ കേസ്.

കേസിലെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജ്മെന്റ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങൾ പരിശോധിക്കും എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.