
പമ്പ : ആന്ധ്രാ കർണൂർ ജില്ലക്കാരനായ മാറം വെങ്കിട്ട സുബ്ബയ്യ കഴിഞ്ഞ മുപ്പത് വർഷമായി മല ചവിട്ടുന്ന ഭക്തനാണ്. വ്യവസായിയായ ഇദ്ദേഹം കൊവിഡ് പിടിപെട്ട് ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ട് ഏറെ നാൾ ഐ സി യുവിലായിരുന്നു. അപ്പോഴും അയ്യപ്പസ്വാമി തന്നെ കാത്ത് രക്ഷിക്കുമെന്ന വിശ്വാസമായിരുന്നു ഈ ഉത്തമ ഭക്തന്. കൊവിഡ് മുക്തനായി വീണ്ടും മലചവിട്ടാനെത്തിയപ്പോൾ ഇഷ്ട ദേവനായി വെങ്കിട്ട സുബ്ബയ്യ കരുതിയത് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ്ണ കിരീടം.
50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്ന കിരീടത്തിന് 600 മില്ലി ഗ്രാം തൂക്കമുണ്ട്. ചുറ്റും വജ്രക്കല്ലുകൾ പതിപ്പിച്ച കിരീടത്തിന്റെ നടുവിലായി വിശിഷ്ടമായ ചുവന്നരത്നവും പതിപ്പിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഇഷ്ടദേവനായി കിരീടം നേർന്നത്.