
ന്യൂഡൽഹി: മോഷണശ്രമത്തിനിടെ അൻപത്തിരണ്ടുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കത്രിക കൊണ്ട് കഴുത്തറുത്തതിന് ശേഷം ചുടുകല്ല് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ജനുവരി 11ന് ഡൽഹിയിലെ കരവാൾ നഗറിലാണ് സംഭവം നടന്നത്.
താര ബോധ് എന്ന സ്ത്രീയാണ് മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കേസിൽ ഉത്തർപ്രദേശിലെ ലോണി സ്വദേശികളായ അമൻ, ആകാശ്, മനീഷ്, വൈഭവ് ജയിൻ എന്നിവർ അറസ്റ്റിലായി. അമൻ, ആകാശ് എന്നിവർ മറ്റൊരു കൊലപാതക കേസിലും പ്രതികളാണ്. സ്കൂൾ യൂണിഫോം വ്യാപാരിയാണ് അമൻ. സ്വന്തമായി ഒരു ഫാക്ടറിയുമുണ്ട്. എന്നാൽ കുറച്ചുനാളായി ഇയാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. കൊല്ലപ്പെട്ട താര ബോധിന്റെ കുടുംബവുമായി ഇയാൾക്ക് വ്യാപാരം സംബന്ധിച്ച് ബന്ധമുണ്ടായിരുന്നു. താരയുടെ വീട്ടിൽ ധാരാളം പണം സൂക്ഷിച്ചിരിക്കുന്നതായി മനസിലാക്കിയ ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് കവർച്ചയ്ക്കായി പദ്ധതിയിടുകയായിരുന്നു.
ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യാനെന്ന പേരിലാണ് പ്രതികൾ താരയുടെ വീട്ടിലെത്തിയത്. തുടർന്ന് താരയോടൊപ്പം ഗോഡൗണിലേയ്ക്ക് പോയി.ഇവിടെ വച്ച് ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ക്രൂര കൊലപാതകം നടന്നത്. എന്നാൽ വീട്ടിൽ അയൽക്കാർ ഉണ്ടെന്ന് മനസിലാക്കിയ പ്രതികൾ മോഷണം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.