
പനാജി : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ടിക്കറ്റ് ചോദിച്ച, അന്തരിച്ച ബി ജെ പി നേതാവ് മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ കേന്ദ്ര അമിത് ഷായെ കണ്ടിരുന്നു. ഗോവ തിരഞ്ഞെടുപ്പിൽ പനാജിയിൽ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്നായിരുന്നു പരീക്കറിന്റെ മകന്റെ ആവശ്യം. എന്നാൽ അമിത്ഷാ ഈ ആവശ്യം നിരസിച്ചു എന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഇക്കാര്യം പരസ്യ പ്രതികരണത്തിലൂടെ പാർട്ടിയുടെ ഗോവ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു നേതാവിന്റെ മകനായതുകൊണ്ടുമാത്രം തന്റെ പാർട്ടി ടിക്കറ്റ് നൽകുന്നില്ലെന്നാണ് ഫഡ്നാവിസ് പ്രതികരിച്ചത്. സ്ഥാനാർത്ഥികളെ അവരുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം നയം വ്യക്തമാക്കി. അതേസമയം ഉത്പൽ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
'ഗോവയിൽ ബിജെപിയെ വളർത്താൻ മനോഹർ ഭായ് കഠിനമായി പരിശ്രമിച്ചു. എന്നാൽ പരീക്കർ സാഹിബിന്റെയോ മറ്റേതെങ്കിലും നേതാവിന്റെയോ മകനായതുകൊണ്ടുമാത്രം ഒരാൾക്ക് ബിജെപിയിൽ ടിക്കറ്റ് ലഭിക്കില്ല. അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരെ പരിഗണിക്കുന്നത് ' ബിജെപിയുടെ ഗോവ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു
2019ൽ പരീക്കറിന്റെ അകാല മരണത്തിന് ശേഷം, പനാജിയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ഉത്പൽ പരീക്കർ പരസ്യമാക്കിയിരുന്നു. ഈ ആവശ്യത്തിന് വഴങ്ങാതിരുന്ന പാർട്ടി സിദ്ധാർത്ഥ് കുങ്കളിയെങ്കറിന് ടിക്കറ്റ് നൽകിയെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. എന്നാൽ അന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അറ്റനാസിയോ മൊൺസെറേറ്റ് ഏതാനും മാസങ്ങൾക്ക് ശേഷം മറ്റ് 9 പാർട്ടി സഹപ്രവർത്തകർക്കൊപ്പം ബി.ജെ.പിയിലേക്ക് കൂറ് മാറി. ഫെബ്രുവരി 14നാണ് ഗോവയിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ്, ആം ആദ്മി എന്നീ പാർട്ടികളും ഗോവയിൽ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.