novak-djokovic

മെൽബൺ: 21ാമത് ഗ്രാൻഡ്‌സ്‌ലാം കീരിടം നേടി ചരിത്രം കുറിക്കുന്നതിനായി കാത്തിരിക്കുന്ന ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും കനത്ത തിരിച്ചടി നൽകി ഓസ്ട്രേലിയൻ സർക്കാർ. ഓസ്ട്രേലിയയുടെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി അലക്സ് ഹോവ്‌‌കെ തന്റെ സവിശേഷാധികാരം ഉപയോഗിച്ച് താരത്തിന്റെ വീസ രണ്ടാമതും റദ്ദാക്കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സ‌ർക്കാരിന്റെ വാദം.

ഉത്തരവ് പ്രകാരം ജോക്കോവിച്ചിന് ഇനി ഓസ്ട്രേലിയയിൽ തുടരാൻ സാധിക്കില്ല. ഇതോടെ ഈ മാസം 17ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനും സെർബിയൻ താരത്തിന് സാധിക്കില്ല. മത്സരത്തിന്റെ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ സീഡിംഗും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഇനി മൂന്ന് വർഷത്തേയ്ക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും സാധിക്കില്ല. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയത്. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെത്തുന്ന ആരുടെ വിസ വേണമെങ്കിലും റദ്ദാക്കാൻ ഇമിഗ്രേഷൻ വകുപ്പ് മന്ത്രിയ്ക്ക് ഓസ്ട്രേലിയൻ ഭരണഘടന പ്രത്യേക അധികാരം നൽകുന്നുണ്ട്.

ജനുവരി ആറിനാണ് വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞത്. കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു ഓസീസ് സർക്കാരിന്റെ തീരുമാനം. തുടർന്ന് ഏഴുമണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നാലെ വിസ റദ്ദാക്കുകയുമായിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരെ ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു. എന്നാൽ വിസ റദ്ദാക്കിയ നടപടി ഫെഡറൽ സർക്യൂട്ട് കോടതി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ ഉത്തരവ് പുറത്തുവന്ന് 30 മിനിട്ടിനകം വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ ഇമിഗ്രേഷൻ മന്ത്രിയുടെ പുതിയ നീക്കം.