franco

കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനായശേഷം പ്രതികരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ. ദൈവത്തിന് സ്‌തുതിയായിരിക്കട്ടെ എന്നായിരുന്നു ബിഷപ്പിന്റെ ആദ്യ പ്രതികരണം. ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്തെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള‌ള മിഷനറിയാണ് താനെന്നും അതിന് ദൈവം അവസരം തന്നെന്നും ബിഷപ്പ് പ്രതികരിച്ചു.

പ്രാർത്ഥനയ്‌ക്ക് ശക്തിയുണ്ടെന്ന് ജാതിമതഭേദമന്യേ എല്ലാവർക്കും മനസിലായി. സത്യത്തെ സ്‌നേഹിക്കുന്നവരും സത്യത്തിനായി നിലകൊള‌ളുന്നവരും തനിക്കൊപ്പമായിരുന്നെന്ന് ബിഷപ്പ് പറഞ്ഞു. ഫലമുള‌ള മരത്തിൽ കല്ലെറിയും. അതിൽ അഭിമാനമേയുള്ളെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു.

ബലാൽസംഗം, അധികാരം ഉപയോഗിച്ച് സ്‌ത്രീ പീഡനം എന്നിങ്ങനെ ഏഴോളം വകുപ്പുകൾ പ്രകാരമുള‌ള കുറ്റമാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്. 105 ദിവസത്തെ രഹസ്യ വിചാരണയാണ് നടന്നത്. എന്നാൽ ഈ കുറ്റങ്ങൾ തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്.

വിധി വന്നതിന് പിന്നാലെ കോട്ടയം കളത്തിപ്പടി ക്രിസ്‌റ്റീൻ സെന്ററിൽ ബിഷപ്പ് പാട്ടുകുർബാന അ‌ർപ്പിച്ചു. ഇന്ന് രാവിലെ 9.30ഓടെ സഹോദരന്മാരായ ഫിലിപ്പ്, ചാക്കോ എന്നിവർക്കൊപ്പമാണ് ബിഷപ്പ് ഇന്ന് വിധി കേൾക്കാനെത്തിയത്.