
സോൾ : യു.എസ് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വീണ്ടും മിസൈൽ പരീക്ഷണം ആവർത്തിച്ച് ഉത്തര കൊറിയ. ഇന്നലെ രണ്ട് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം വടക്കൻ പ്യോങ്ങാൻ പ്രവിശ്യയിൽ നിന്ന് കിഴക്ക് ദിശ ലക്ഷ്യമാക്കി ഉത്തര കൊറിയ നടത്തിയതായാണ് റിപ്പോർട്ട്. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടലിലാണ് മിസൈൽ പതിച്ചതെന്നാണ് വിവരം. ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ് മിസൈൽ പരീക്ഷണം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ രണ്ട് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതിന് പിന്നാലെ ഉത്തര കൊറിയൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ജപ്പാനുമടക്കം രംഗത്തെത്തിയിരുന്നു. ആറ് കൊറിയൻ പൗരന്മാർക്കാണ് കഴിഞ്ഞ ദിവസം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ യു.എസ് നീക്കത്തെ ഉത്തര കൊറിയ വിമർശിക്കുകയും മിസൈൽ പരീക്ഷണം നടത്തുകയുമായിരുന്നു.