siberia

സൈബീരിയ: മൈനസ് 20 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മുട്ട സൂക്ഷിക്കുന്ന പെട്ടിയിൽ റോഡിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് രക്ഷകരായി അഞ്ച് കൗമാരക്കാർ. കഴിഞ്ഞ ജനുവരി ഏഴിന് സൈബീരിയയിലെ സൊസ്‌നോവ്‌ക ഗ്രാമത്തിലാണ് സംഭവം നടന്നത്.

നടക്കാനിറങ്ങിയ സുഹൃത്തുക്കൾ കൊടുംമഞ്ഞിൽ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പെട്ടി കണ്ടെത്തുകയായിരുന്നു. അടുത്തെത്തിയപ്പോൾ ചെറിയ ഞരക്കം കേട്ടു. പട്ടിക്കുഞ്ഞുങ്ങളാണെന്നുകരുതി തുറന്നുനോക്കിയപ്പോഴാണ് അകത്തുള്ളത് പെൺകുഞ്ഞാണെന്ന് മനസിലാക്കുന്നത്. തുണിയിൽ പൊതിഞ്ഞിരുന്ന കുഞ്ഞിന് സമീപത്തായി ഒരു വെള്ളകുപ്പിയും ഉണ്ടായിരുന്നു. കുഞ്ഞിനെയും എടുത്ത് വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും വണ്ടി നിർത്തിയില്ല.

തുടർന്ന് കുട്ടികളിലൊരാൾ തന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായി കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ പറഞ്ഞു.