travis-head

ഹാെബാർട്ട് : പരമ്പരയിലെ രണ്ടാം സെഞ്ച്വറിയോടെ കളംവാണ ട്രാവിസ് ഹെഡിന്റെ പിൻബലത്തിൽ ആഷസിലെ അവസാന ടെസ്റ്റിലെ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് തല ഉയർത്തി ആസ്ട്രേലിയ. ഇന്നലെ ഹൊബാർട്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 12 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ആസ്ട്രേലിയയെ ട്രാവിസ് ഹെഡിന്റെയും (101), കാമറൂൺ ഗ്രീനിന്റെയും (74), മാർനസ് ലബുഷേന്റെയും (44) പോരാട്ടം ആദ്യ ദിനം മഴമൂലം നേരത്തേ കളി നിറുത്തുമ്പോൾ 241/6 എന്ന നിലയിലെത്തിച്ചു.

വാർണർ(0),ഉസ്മാൻ ഖ്വാജ (6),സ്റ്റീവൻ സ്മിത്ത് (0) എന്നിവരെ ആസ്ട്രേലിയയ്ക്ക് പത്തോവറിനുള്ളിൽ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഹെഡും ലബുഷേനും കൂട്ടിച്ചേർത്ത 61 റൺസ് ആശ്വാസം പകർന്നു. ലബുഷേൻ മടങ്ങിയശേഷമെത്തിയ ഗ്രീനിനെ കൂട്ടുനിറുത്തി ഹെഡ് സൃഷ്ടിച്ചത് 121 റൺസിന്റെ കൂട്ടുകെട്ടായിരുന്നു.പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടെസ്റ്റിൽ സെഞ്ച്വറി (152)നേടിയിരുന്ന ഹെഡ് കൊവിഡ് മൂലം നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.ഇന്നലെ 113 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളടക്കം 101 റൺസ് നേടിയ ഹെഡ് ടെസ്റ്റിലെ തന്റെ നാലാം സെഞ്ച്വറിയാണ് കുറിച്ചത്.

കളി നിറുത്തുമ്പോൾ 10 റൺസുമായി അലക്സ് കാരേയും റൺസെടുക്കാതെ മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ.ഇംഗ്ളണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡും ഒല്ലി റോബിൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.