virat-kohli

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയിൽ നിന്നും ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. പരാജയത്തിന്റെ കാരണം വ്യക്തമാണെന്നും ബാറ്റിംഗ് നിരയുടെ പരാജയം തന്നെയാണ് തോൽവിക്കുള്ള പ്രധാന കാരണമെന്നും കൊഹ്‌ലി കൂ‌ട്ടിച്ചേർത്തു. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കൊഹ്‌ലി.

ബാറ്റിംഗ് നിരയുടെ പരാജയത്തിന് ഒരുതരത്തിലുമുള്ള ന്യായീകരണവും ഇല്ലെന്നും തുടർച്ചയായ മത്സരങ്ങളിൽ കൂട്ടത്തകർച്ച ഉണ്ടാകുന്നത് നല്ലൊരു ടീമിന് ചേർന്നതല്ലെന്നും കൊഹ്‌ലി പറഞ്ഞു. ഈ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയിക്കാൻ സാധിക്കുമെന്ന് എല്ലാവർക്കും കരുതി. ഈ ടീമിൽ മറ്റുള്ളവർക്കുള്ള വിശ്വാസവും ടീമിന്റെ കരുത്തുമാണ് അത് സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യക്ക് അതിന് സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. അത് എല്ലാവരും ഉൾക്കൊള്ളണമെന്നും കൊഹ്‌ലി പറഞ്ഞു. എന്നാൽ ഈ ടീമിന് തിരിച്ചു വരാനുള്ള കരുത്തുണ്ടെന്നും അത് ഉടനെ സംഭവിക്കുമെന്നും കൊഹ്ലി വ്യക്തമാക്കി. ഇന്ത്യ ഇന്നുവരെ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയിച്ചിട്ടില്ല.

ആദ്യ ടെസ്റ്റ് 113 റണ്ണിന് വിജയിച്ചെങ്കിലും ജോഹന്നാസ്ബർഗിലെ രണ്ടാം ടെസ്റ്റിലും കേപ്‌ടൗണിലെ മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് ടെസ്റ്റിലും ബാറ്റർമാരുടെ പരാജയമാണ് ഇന്ത്യക്ക് വിനയായത്.