
കീവ് : യുക്രെയ്‌നിലെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ വ്യാപക സൈബർ ആക്രമണം. യുക്രെയ‌്‌ൻ വിദേശകാര്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവയുടെ ഒരു ഡസനിലേറെ വെബ്സൈറ്റുകൾ ഇന്നലെ പ്രവർത്തനരഹിതമായി. സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ യുക്രെയ‌്‌ൻ എംബസികളുടെ വെബ്സൈറ്റുകളും തകരാറിലായി. യുക്രെയ്‌നിയൻ, റഷ്യൻ, പോളിഷ് ഭാഷകളിൽ ' ഏറ്റവും മോശമായത് നേരിടാൻ തയാറാകൂ " എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വെബ്സൈറ്റുകൾ നിലച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയാണെന്നാണ് ആരോപണം. സൈബർ ആക്രമണം തടയാൻ നിരവധി സൈറ്റുകൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. തകരാറിലായ പല സൈറ്റുകളും പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.