kk

ന്യൂഡൽഹി : ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഒരേസമയം ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ രണ്ടുവിമാനങ്ങള്‍ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നൂറ് കണക്കിന് യാത്രക്കാർ ഉണ്ടായിരുന്ന വിമാനങ്ങളാണ് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത്. .

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇ.കെ-524 ദുബായ്-ഹൈദരാബാദ്, ഇകെ-568 ദുബായ്-ബംഗളൂരു വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ രാത്രി 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്. ഹൈദരാബാദിലേക്കുള്ള വിമാനം രാത്രി 9.45ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലേക്കുള്ള വിമാനവും ഇതേസമയത്ത് തന്നെ പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ഇരുവിമാനങ്ങളും ഒരേ റണ്‍വേയില്‍ തന്നെ ഷെഡ്യൂള്‍ ചെയ്തതാണ് അപകടഭീഷണി ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് യുഎഇ വ്യോമയാന അന്വേഷണ ഏജന്‍സി അന്വേഷിക്കും.

ഇരു വിമാനങ്ങളും പുറപ്പെടുന്ന സമയം തമ്മില്‍ അഞ്ചുമിനിറ്റിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് ഹൈദരാബാദ് വിമാനം പറന്നു ഉയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജീവനക്കാര്‍ അതേ ദിശയില്‍ മറ്റൊരു വിമാനം അതിവേഗത്തില്‍ വരുന്നത് കണ്ടത്. എ.ടി.സിയുടെ നിര്‍ദേശപ്രകാരം ഹൈദരാബാദ് വിമാനത്തിന്റെ വേഗത കുറച്ച് ടാക്‌സിവേയിലേക്ക് നീങ്ങി റണ്‍വേയിലെ തടസം നീക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സ് വിമാനം പറന്നുയരുന്നതിന് വേണ്ടി ഹൈദരാബാദ് വിമാനം ടാക്‌സി ബേയിലേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് യു.എ.ഇ എയര്‍ ആക്്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അന്വേഷണം ആരംഭിച്ചു. എ.ടി.സി ക്ലിയറന്‍സ് ലഭിക്കുന്നതിന് മുന്‍പ് ഹൈദരാബാദ് വിമാനം പറന്നുയരാന്‍ ശ്രമിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.