kk

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം നാടുവിട്ട യുവതികൾ അറസ്റ്റിൽ. കാമുകന്‍മാരെയും അറസ്റ്റു ചെയ്തു. വര്‍ക്കല രഘുനാഥപുരം സ്വദേശി ഷാന്‍, കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കുറ്റാലത്തെ റിസോര്‍ട്ടില്‍വച്ച് യുവതികള്‍ക്കൊപ്പമാണ് ഇവര്‍ പിടിയിലായത്.

പള്ളിക്കല്‍ സ്വദേശികളായ ഭര്‍തൃമതികളായ രണ്ട് യുവതികൾ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി നാടുവിടുകയായിരുന്നു. ഇതില്‍ ഒരു യുവതിക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുള്ള മൂന്നു കുട്ടികളും മറ്റേ യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. യുവതികളെ തിരിച്ചു കിട്ടുന്നതിന് ഇവരുടെ ബന്ധുക്കളില്‍നിന്ന് രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി ഷാനും റിയാസും ആവശ്യപ്പെട്ടിരുന്നു.

ഷാനും റിയാസും, ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത സ്ത്രീകളെ ഫോണിലൂടെ വശീകരിച്ച് പണവും പണവും കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിലെ മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ഷാനിനെതിരെ ഏഴുകോണ്‍, ഏനാത്ത് സ്‌റ്റേഷനുകളിലും, റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തന്‍കോട് സ്‌റ്റേഷനുകളിലും കേസുകളുണ്ട്.ബാലസംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.