
വിഴിഞ്ഞം: മുല്ലൂരിൽ വൃദ്ധയെ അയൽവാസിയുടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ.  മുല്ലൂർ പനനിന്നവിള റഫീഖാ ബീവിയുടെ വാടക വീട്ടിലാണ് അയൽവാസിയായ ശാന്തകുമാരിയെ (71) മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് റഫീഖാ ബീവി ( 50 ), മകൻ ഷഫീഖ്, റഫീഖാബീവിയുടെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അൽഅമീൻ (26 ) എന്നിവരെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷീറ്റ് മേഞ്ഞ വീടിന്റെ തട്ടിൽ രക്തം വാർന്ന നിലയിലാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ശാന്തകുമാരിയെ പ്രതികൾ വീട്ടിൽ വിളിച്ചുവരുത്തി ഷാൾ കഴുത്തിൽ മുറുക്കിയ ശേഷം ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. പരേതനായ നാഗപ്പപ്പണിക്കരാണ് ശാന്തകുമാരിയുടെ ഭർത്താവ്. മക്കൾ: സനൽകുമാർ, ശിവകല.
മൃതദേഹത്തിന് സമീപത്തുനിന്നായി ചുറ്റികയും കണ്ടെത്തി. ഒരു മാസം മുമ്പാണ് റഫീഖാ ബീവിയും അൽഅമീനും റഫീഖാബീവിയുടെ മകൻ ഷഫീഖും വീട് വാടകയ്ക്കെടുത്തത്. ഒരാൾ മകനാണെന്നും മറ്റെയാൾ ഇവരുടെ സഹോദരന്റെ പുത്രനാണെന്നുമാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. കോവളത്ത് ഹോട്ടൽ ജീവനക്കാരനായ മകൻ ഇടയ്ക്ക് മാത്രമാണ് വീട്ടിലെത്തിയിരുന്നത്. റഫീഖാ ബീവിയും അൽഅമീനും തമ്മിൽ ഒരാഴ്ച മുമ്പ് വീട്ടിൽവച്ച് വഴക്കുണ്ടായിരുന്നു, തർക്കത്തിനിടെ വീട്ടിലെ വാതിലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തതിനെ തുടർന്ന് വീട് ഒഴിയാൻ വീട്ടുകാർ ആവശ്യപ്പെട്ടു. വാടകവീട് ഒഴിയുന്നതിനുമുമ്പ് ഇവരുടെ വീട്ടിലെ പാത്രങ്ങളെല്ലാം കൊല്ലപ്പെട്ട വൃദ്ധയ്ക്ക് ഇവർ നൽകിയതായി പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി 8.30ന് വീട്ടുടമയുടെ മകനെത്തിയപ്പോൾ കതക് തുറന്ന നിലയിൽ കിടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി പരിശോധനയിൽ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം സംശയിച്ചത്. അയൽവാസിയായ ശാന്തകുമാരിയെ കാണാനില്ലെന്ന് പറഞ്ഞതോടെ സംഭവത്തിൽ ദുരൂഹതയായി. ഒടുവിൽ രാത്രി 10.30ഓടെ സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയശേഷമാണ് മരിച്ചത് ശാന്തകുമാരിയാണെന്ന് ഉറപ്പിച്ചത്.
ശാന്തകുമാരിയുടെ വസ്ത്രങ്ങൾ വീടിനു മുന്നിലിട്ട് കത്തിക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതികൾ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ചു. സ്വകാര്യബസിൽ കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടത്തുവച്ച് രാത്രി 10.30ഓടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് വിഴിഞ്ഞത്തെത്തിച്ചു.