cm-pinarayi-vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രതിരിച്ചത്.

മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പമുണ്ട്. ചികിത്സ കഴിഞ്ഞ് ഈ മാസം 29ന് തിരിച്ചെത്തും. ചികിത്സയ്ക്കായുള്ള എല്ലാ ചെലവും സർക്കാർ വഹിക്കും.

രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആർക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ ഉൾപ്പടെ ഓൺലൈനായി പങ്കെടുക്കും. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് ഇന്നലെ ഗവർണറെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിച്ചിരുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.