
പള്ളിക്കൽ: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളും കാമുകന്മാരും അറസ്റ്റിൽ. ഒന്നര വയസുകാരിയടക്കം നാല് മക്കളെ ഉപേക്ഷിച്ചാണ് യുവതികൾ കാമുകന്മാരോടൊപ്പം പോയത്. പള്ളിക്കൽ കെ കെ കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28), കാമുകന്മാരായ വർക്കല രഘുനാഥപുരം ബി എസ് മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽ വീട്ടിൽ റിയാസ്(34) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നാസിയയും ജീമയും ബന്ധുക്കളാണ്. ഇവരുടെ ഭർത്താക്കന്മാർ ഗൾഫിലാണ്. കഴിഞ്ഞ മാസം 26ന് രാത്രിയാണ് യുവതികൾ കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം നാടുവിട്ടത്. ജീമയ്ക്ക് ഒന്നര, നാല്, പന്ത്രണ്ട് വയസുള്ള മൂന്ന് പെൺമക്കളാണ് ഉള്ളത്. നാസിയയ്ക്ക് അഞ്ച് വയസുള്ള ആൺകുട്ടിയുണ്ട്.
യുവതികൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലംഗ സംഘം ബംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇവരെ തെന്മലയിലെ ഒരു റിസോർട്ടിൽ നിന്ന് പിടികൂടിയത്.
സ്ത്രീകളെ തിരികെ നൽകാൻ ബന്ധുക്കളോട് ഷൈനും റിയാസും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണത്തിനുവേണ്ടി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്യുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി.
ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെയാണ് ഷൈൻ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. പോത്തൻകോട്ട് അച്ഛനെയും മകളെയും റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിച്ചു നിർത്തിയിരുന്നത് റിയാസാണ്.