covid

മുംബയ്: കൊവിഡ് ചികിത്സയുടെ പേരിൽ അനുചിതമായ മരുന്നുകളും പരിശോധനാ മാർഗങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുതി‌ർന്ന ഡോക്ടർമാർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് ചികിത്സയിൽ കഴിഞ്ഞ വർഷത്തെ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുകയാണെന്ന് 32 പ്രമുഖ ഡോക്ടർമാർ എഴുതിയ തുറന്ന കത്തിൽ പറയുന്നു.

പകർച്ചാവ്യാധിയുടെ ആദ്യ രണ്ട് ഘട്ടത്തിലേതുപോലെ മരുന്നുകളുടെ അനാവശ്യ ഉപയോഗം ആവർത്തിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ അടിയന്തരമായി തടയേണ്ടതുണ്ടെന്നും വിദഗ്ദ്ധർ കത്തിൽ ചൂണ്ടിക്കാട്ടി. നേരിയ രോഗ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലാത്തവരോ ആയ രോഗികൾക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും അനാവശ്യ ചികിത്സകൾ ഇന്ത്യയിൽ മ്യുകോർമൈകോസിസ് എന്ന ഫംഗസ് ബാധയ്ക്കും ബ്രസീലിൽ അസ്പെർഗില്ലോസിസ് എന്ന രോഗത്തിനും കാരണമായെന്നും ഡോക്ടർമാർ കത്തിൽ വെളിപ്പെടുത്തി.

വിറ്റാമിൻ കോമ്പിനേഷനുകൾ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഫാവിപിരാവിർ, ഐവർമെക്റ്റിൻ എന്നിവ കൊവിഡ് ചികിത്സയ്ക്കായി നിർദ്ദേശിക്കുന്നത് യുക്തിരഹിതമാണെന്നും കത്തിൽ പറയുന്നു.

കൊവിഡ് പരിശോധനയ്ക്കായി റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, ആർ ടി പി സി ആ‌ർ ടെസ്റ്റ് എന്നിവയ്ക്ക് പുറമേ മറ്റ് പരിശോധനകൾ ആവശ്യമില്ലെന്നും ചില കേസുകളിൽ മാത്രം ഓക്സിജൻ അളവ് പരിശോധിക്കേണ്ടതായി വന്നേക്കാമെന്നും വിദഗ്ദ്ധർ പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരെയും ഒമിക്രോൺ ബാധിക്കാനിടയുണ്ടെന്നും എന്നാൽ ഇത് മാരകമാകുന്നത് കുറയ്ക്കുമെന്നും വിദഗ്ദ്ധർ കൂട്ടിച്ചേ‌ർത്തു. എന്നാൽ സിടി സ്കാൻ പോലുള്ള വിലകൂടിയ ടെസ്റ്റുകൾ നിർദേശിക്കുന്നത് അനാവശ്യമാണെന്നും ഇത് ജനങ്ങളിൽ അമിതമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി. ആരോഗ്യനില മെച്ചപ്പെട്ട നിലയിലുള്ള കൊവിഡ് രോഗികളെ അനാവശ്യമായി കിടന്നുള്ള ചികിത്സയ്ക്ക് നി‌ർദേശിക്കപ്പെടുന്നത് കൊവിഡ് ഇതര രോഗികൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കാതെ വരുന്നതിന് ഇടയാക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.